Posted on: 10-Dec-2020, 667 views

എയർപോർട്ടിൽ നിന്നും കണ്ണൂരിലേക്ക് പോകുവാൻ ടാക്സി ബുക്ക് ചെയ്യുവാനുള്ള കൗണ്ടറിൽ നിൽക്കുന്പോഴാണ് ഞാൻ ഹനീഫിനെ പരിചയപ്പെട്ടത്. പയ്യോളി വരെ പോകാൻ ടാക്സി നോക്കുകയാണെന്നും കണ്ണൂരിലേക്കാണെങ്കിൽ ഒരു ടാക്സി എടുത്താൽ പോരെയെന്നും ചോദിച്ചപ്പോൾ അതിൽ തെറ്റില്ല എന്ന് എനിക്കും തോന്നി.
ഹനീഫിന് വയസ്സ് 50 കഴിഞ്ഞു കാണും. വെളുത്ത് തുടുത്ത മുഖത്ത് ഇപ്പോഴഉം യൗവ്വനത്തിന്റെ തുടിപ്പുകൾ. പുറത്ത് മഴ പയ്യെ പെയ്ത് തുടങ്ങിയിരിക്കുന്നു. എയർപോർട്ട് കഴിഞ്ഞ് കോഴിക്കോടെത്തുന്നതുവരെ പരസ്പരം ഒന്നും പറയാതെ പരിചിതരായ അപരിചിതരെപ്പോലെ ഞങ്ങൾ ഇരുന്നു. ഇടയ്ക്ക് രാത്രിയാത്രയിൽ നഷ്ടപ്പെട്ട ഉറക്കത്തിന്റെ ബാക്കി മയക്കം കണ്ണുകളെ തഴുകിക്കൊണ്ടിരുന്നു.
കൊയിലാണ്ടി എത്തുന്നതിന് മുന്പ് കാർ ഒരു ചെറിയ ചായക്കടയുടെ മുന്പിൽ നിന്നു. ഹനീഫ് കാറിൽ നിന്ന് ഇറങ്ങാതെ ഡ്രൈവറോട് ചായ വേണ്ടായെന്ന് പറഞ്ഞു. ഞാൻ കാറിൽ നിന്നും ഇറങ്ങി ചായ പതുക്കെ കുടിക്കുന്പോൾ ഡ്രൈവർ ഒരു ചായ കാറിലേക്ക് നീട്ടി. അപ്പോൾ ഹനീഫ് ആ ചായ സസന്തോഷം സ്വീകരിച്ച് കുടിച്ചുതുടങ്ങി. പിന്നീട് പയ്യോളി വരെ ഹനീഫ് സംസാരിച്ചുകൊണ്ടേയിരുന്നു. ബഹ്റൈനിൽ വന്നിട്ട് വർഷം നാൽപ്പത് കഴിഞ്ഞു. വയസ്സ് 60 ആകാറായി. മൂത്ത മകൻ ബാംഗ്ലൂരിൽ കന്പ്യൂട്ടർ ഇലക്ട്രോണിക്സ് കോഴ്സിന് പഠിക്കുന്നു. മകളെ കെട്ടിച്ച് വിട്ടു. കഴിഞ്ഞ നാൽപ്പത് വർഷത്തിൽ ആകെ നാട്ടിൽ പോയത് പത്ത് പ്രാവശ്യത്തിൽ താഴെ, കുടുംബത്തോടൊപ്പം താമസിക്കാൻ പറ്റിയത് 14 മാസം മാത്രം. ഹനീഫ് കഥ തുടരുകയാണ്.
പുറത്ത് മഴ പെയ്തു തുടങ്ങിയിരുന്നു... ശക്തിയായി, കാർ ചെളിവെള്ളം തെറുപ്പിച്ച് മുന്നോട്ട് കുതിക്കുന്പോൾ തണുത്ത കാറ്റ് ശരീരത്തിലേക്ക് ഊഴ്ന്നിറങ്ങി. ഹനീഫ് ഗൾഫ് ജീവിതത്തിന്റെ അനുഭവങ്ങൾ ഓരോന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ആദ്യം വന്ന സമയത്ത് സെൻട്രൽ മാർക്കറ്റിൽ മീൻമുറിച്ചുകൊടുക്കുന്ന ജോലിമുതൽ ഗുദൈബിയയിൽ സ്വന്തമായി ചായക്കട നടത്തി ഒരു കുഞ്ഞുമുതലാളിയായ കഥ വരെ. ഹനീഫിന്റെ കഥ എന്നെ വളരെയൊന്നും ആശ്ചര്യപ്പെടുത്തിയില്ല. എല്ലാ ഗൾഫുകാരെയും പോലെ ഹനീഫും കുറച്ച് കഷ്ടപ്പെട്ടു. കുറച്ചു കാശുണ്ടാക്കി കുടുംബത്തെ നോക്കി മാന്യമായി ജീവിക്കുന്നു. പക്ഷെ ഉറക്കം നഷ്ടപ്പെട്ടതുകൊണ്ട് സമയം കളയാനായി ഹനീഫിന്റെ കഥ എന്നെ ആകർഷിക്കുന്നതുപോലെ ഞാനിരുന്നു. ടാക്സി വടകര കഴിഞ്ഞതും ഹനീഫ് ബാഗിൽ നിന്നും ഒരു ചീപ്പ് എടുത്ത് തലമുടി കോതിയൊതുക്കി. പിന്നീട് കയ്യിലുണ്ടായിരുന്ന നിവ്യ ക്രീമെടുത്ത് കയ്യിലൊക്കെ പുരട്ടി. ഒപ്പം ബാഗിലുണ്ടായിരുന്ന ഒരു മിൽക്കി ബാറിന്റെ പാക്കറ്റിൽ നിന്ന് ഡ്രൈവർക്കും എനിക്കും ഓരോ ചോക്ക്ലേറ്റ് നൽകി. ചോക്ലേറ്റും നുണഞ്ഞ് ഹനീഫിന്റെ കഥയും കേട്ട് കാർ മഴയെ ഭേതിച്ച് മുന്നോട്ട് നീങ്ങിയപ്പോൾ ഞാൻ ഉറക്കത്തിൽ നിന്നും പൂർണമായി മോചിതനായിരുന്നു. ഹനീഫ് പയ്യോളിയിൽ ഒരു വീട് കെട്ടി. കുടുംബവക സ്വത്തിൽ... സ്വന്തമായി ഒരു കൊച്ചുവീട്. വീട്ടിൽ ഇപ്പൊ ഉമ്മയും ഭാര്യയും മാത്രം. തൊട്ടടുത്തുള്ള വീട്ടിൽ ഹനീഫിന്റെ സഹോദരനും കുടുംബവും താമസിക്കുന്നുണ്ട്. ഹനീഫിന് വയനാട്ടിൽ ഒരു ചെറിയ കെട്ടിടമുണ്ട്. വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. മാസം പത്തായിരത്തിലധികം രൂപ വാടക കിട്ടും. വാടകക്കാരനെ മാറ്റി ഹനീഫിന് സ്വന്തമായി കട നടത്തുവാനുള്ള പ്ലാനുമുണ്ട്. ഇതൊക്കെ പറഞ്ഞപ്പോൾ ഒരു സാധാരണക്കാരൻ ജീവിതത്തെ എത്ര നന്നായി പ്ലാൻ ചെയ്തിരിക്കുന്നുവെന്നാണ് ഞാൻ ചിന്തിച്ചത്. കാർ പയ്യോളിയിലെത്തിയപ്പോഴേക്കും ഹനീഫിന്റെ മുഖത്ത് പ്രകാശം വിടരുന്നത് എനിക്ക് കാണാമായിരുന്നു. സ്വന്തമായി നടത്തിയ കട വിറ്റ് കിട്ടിയ പണം ബാങ്കിലിട്ട് അതിന്റെ പലിശയും ഭാവി ബഡ്ജറ്റിലേക്കായി ഹനീഫ് കരുതിവെച്ചിട്ടുണ്ട്.
മെയിൻ റോഡും കഴിഞ്ഞ് ചെറിയ ഇടവഴിയിലൂടെ കാർ മുന്നോട്ട് നീങ്ങിയപ്പോൾ ഹനീഫ് കയ്യിലുണ്ടായിരുന്ന കുഞ്ഞുബാഗിൽ നിന്നും ഒരു ചെറിയ പെർഫ്യൂം എടുത്ത് ദേഹത്തു പൂശി. മഴയുടെ തണുപ്പിൽ കാർ നിറച്ചും സുഗന്ധം പരന്നു. വീടിനടുത്ത് കാർ നിർത്തിയപ്പോൾ ഞാൻ ചെറുങ്ങനെ ഒന്ന് ഞെട്ടി. ചെറിയ വീട് എന്ന് ഹനീഫ് പറഞ്ഞത് കൂറ്റൻ ബംഗ്ലാവ് ആയിരുന്നു. വലിയ ഗേറ്റും തുറന്ന് കാർ വീടിന്റെ മുന്നിൽ പാർക്ക് ചെയ്തപ്പോൾ ഹനീഫിന്റെ ഭാര്യയും ഉമ്മയും കാറിന്റെ അരികിലെത്തി. ഹനീഫിന്റെ ഭാര്യ എന്നെ കണ്ടതും പതുക്കെ പിറകിലേക്ക് മാറി വീടിന്റെ കോലായിൽ ഒതുങ്ങി നിന്നു. ബഹ്റൈനിൽ നിന്നുള്ള ചങ്ങാതിയാണെന്ന് ഭാര്യയോട് പറഞ്ഞ് എന്നെ പരിചയപ്പെടുത്തി. പിന്നീട് ടാക്സിക്കാരന് പകുതി കാശ് കൊടുത്ത് ഹനീഫ് ഭാര്യയോടൊപ്പം വീടിന്റെ ഉള്ളിലേക്ക് നടന്നു കയറി.
കാർ കണ്ണൂരിലേക്ക് തിരിച്ചപ്പോൾ ഡ്രൈവർ തമാശയായി പറഞ്ഞു. പുള്ളിക്കാരൻ സാറിന്റെ പേരുപോലും ചോദിച്ചില്ലല്ലോ എന്ന്. കാറിൽ ഏതോ വിദേശ പെർഫ്യൂമിന്റെ മണം തങ്ങി നിന്നപ്പോൾ ഹനീഫ് അടച്ച വാതിലിന്റെ ഉള്ളിൽ തുടങ്ങുന്ന പുതിയ ജീവിതത്തെക്കുറിച്ചായിരുന്നു ഞാൻ ചിന്തിച്ചത്. ഡ്രൈവർ ശക്തിയായി പെയ്യുന്ന മഴ നോക്കിപ്പറഞ്ഞു..., ഇപ്രാവശ്യം ഇടവപ്പാതി പെയ്യില്ലെന്നായിരുന്നു എല്ലാവരും കരുതിയത്. പക്ഷെ ഏതായാലും പെയ്തു. അതും എന്തൊരു പെയ്യൽ. ഞാനപ്പോൾ മനസ്സിൽ പറഞ്ഞു.... വൈകിയാണെങ്കിലും മഴ പെയ്യും പെയ്യുക തന്നെ ചെയ്യും
പി. ഉണ്ണികൃഷ്ണൻതടിച്ചുരുണ്ട മസിലുകൾ ഉരുട്ടി...
Posted on: 19-Oct-2015, 18 views
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ...
Posted on: 19-Oct-2015, 18 views
ഞാൻ തൊള്ള തുറന്നൊന്ന് കരഞ്ഞാൽ അതിഥി...
Posted on: 19-Oct-2015, 18 views
വിദ്വാന്മാരുടെ ജിഹാഗ്രത്തിൽ നൃത്തം ചെയ്യെണ്ട...
Posted on: 19-Oct-2015, 18 views
ഗർഭം കലക്കി ഗുളികകളും, അബോർഷനും, ഗർഭനിരോധന...
Posted on: 19-Oct-2015, 18 views