Posted on: 10-Dec-2020, 660 views

ഞാൻ തൊള്ള തുറന്നൊന്ന് കരഞ്ഞാൽ അതിഥി വരുമെന്നാണ് വിശ്വാസം. പിതൃക്കൾക്ക് ബലിയർപ്പിച്ച് നിങ്ങൾ കൈകൊട്ടി ബലിച്ചോറ് കഴിക്കുവാൻ എന്നെ വിളിക്കുന്നത് സ്വർഗ്ഗത്തിൽ പ്രവേശനം ലഭിക്കണമെങ്കിൽ എന്റെ സമ്മത പത്രം വേണമെന്ന് നിങ്ങൾക്കറിയാവുന്നതുകൊണ്ടുതന്നെ. ഒന്നാം ക്ലാസ് മുതൽ നിങ്ങൾ പാടി അന്വേഷിച്ചത് എന്റെ കൂടെവിടെയാണെന്നും കൂട്ടിലൊരു കുഞ്ഞുണ്ടോ, കുഞ്ഞിന് തീറ്റ കൊടുക്കാഞ്ഞാൽ കുഞ്ഞ് കിടന്ന് കരയില്ലേ എന്നൊക്കെയുമായിരുന്നു. കുടത്തില്‍ കല്ലിട്ട് വെള്ളം ഉയര്‍ത്തി ദാഹം മാറ്റിയ എന്റെ മുതുമുത്തച്ഛന്റെ കഥയും ലോക പ്രശസ്തമാണ്. ഇതിനിടെ ബിബിസി ചാനലിൽ വന്ന ഒരു ഡോക്യുമെന്ററിയില്‍ ഏറ്റവും ബുദ്ധിയുള്ള പക്ഷിയായി ഞങ്ങളെ പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ ഇപ്പോഴത്തെ കഥ ഇതൊന്നുമല്ല. നാട്ടിൽ അത്യാവശ്യം ബലിച്ചോറും മാലിന്യങ്ങളും കഴിച്ച് ഒരു വക ജീവിച്ചുപോകുമ്പോൾ ആരോ തന്ന ദുർബുദ്ധിയാണ് ഒന്ന് കടലിൽ ചാടി ഗൾഫിലെത്തിയാലോ എന്ന ചിന്ത. സ്വപ്നം സാക്ഷാത്കരിക്കുവാൻ ആരോടും പറയാതെ, ആരും അറിയാതെ വിദേശത്തേക്കുള്ള ചരക്കു കപ്പലിൽ കയറിപ്പറ്റി. ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള കപ്പലിൽ ജീവിതം സുഖകരമായിരുന്നു. കപ്പൽ മിനാ സൽമാനിലെത്തിയതും സ്വപ്നങ്ങൾ പൂവണിഞ്ഞു എന്നുള്ള സന്തോഷത്തിൽ ബഹ്റൈനിൽ ആകെ മൊത്തം ഒന്നു കറങ്ങി. അപ്പോഴാണ് സംഗതിയുടെ കിടപ്പ് മനസ്സിലായത്. റോഡിലൊന്നും മാലിന്യങ്ങളില്ല, തിന്നു കഴിഞ്ഞ ഇറച്ചിയുടെ അവശിഷ്ടങ്ങളില്ല. കുറേ കറങ്ങി കറങ്ങി ഒരു ടെലിഫോൺ ടവറിന്റെ മുകളിലിരുന്നപ്പോഴാണ് എന്നെപ്പോലെ പാസ്പോർട്ടും വിസയുമില്ലാതെ അനധികൃതമായി എത്തിയ ചില നാട്ടുകാരെ കണ്ടത്.
ജീവിതം സ്വപ്നത്തിൽ കണ്ടപോലെ അത്ര സുഖകരമല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ. വിശപ്പടക്കാൻ ഭക്ഷണവും വെള്ളവും പോലും ഇല്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയതും ടെലിഫോൺ ടവറിലെ സഹവാസി ബഹ്റൈനിലെ ചെറുപക്ഷിയെ ചൂണ്ടി തന്ന് പറഞ്ഞത് വയറ് നിറക്കണമെങ്കിൽ നിയമം ലംഘിക്കുക എന്ന ഉപദേശമായിരുന്നു.
ആരും കാണാതെ എല്ലാവരേയും ഉപേക്ഷിച്ച് പേടിച്ച് വിദേശ രാജ്യത്ത് ജീവിക്കേണ്ടി വരുന്ന ഒരു അവസ്ഥ. ഒരു അനധികൃത കുടിയേറ്റക്കാരന് മാത്രമേ അതിന്റെ വിഷമം മനസ്സിലാകൂ. ജീവിതം മരവിച്ച് തുടങ്ങിയിരിക്കുന്നു. ഇന്നലെയാണ് ടവറിന്റെ മൂലയില്‍ കൂന്നിക്കൂടിയിരുന്ന സഹമുറിയൻ പറഞ്ഞത് അടുത്തു തന്നെ ചെക്കിംഗ് തുടങ്ങും. പലയിടത്തും അനധികൃതരുടെ കടന്നുകയറ്റം സർക്കാർ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 2007ലാണ് ഒരു ഉത്തരവ് പ്രകാരം മുനിസിപ്പാലിറ്റി അധികൃതർ മൂവായിരത്തിലധികം കാക്കകളെ വെടിവെച്ച് വീഴ്ത്തിയത്. കാരണമായി പറഞ്ഞത് ബഹ്റൈനിലെ പക്ഷികളായ ബുൾബുള്ളിനേയും തത്തയേയും ആക്രമിക്കുന്നു ഒപ്പം സ്ത്രീകളുടെ മാല തട്ടിപ്പറിക്കുന്നുവെന്നുമായിരുന്നു.
നാട്ടിലേക്ക് കടക്കുവാനുള്ള വഴികൾ പലതുമുണ്ട്. പക്ഷെ നാട്ടിലെത്തി സുഹൃത്തുക്കളുടെ മുൻപിൽ, ബന്ധുക്കളുടെ മുൻപിൽ എന്തുപറയും എന്ന ചോദ്യം വല്ലാതെ മനസ്സിനെ ബുദ്ധിമുട്ടിക്കുന്നു. ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങൾ, നിയമക്കുരുക്കിന്റെ വേലികൾ.... ടെലിഫോൺ ടവറിന്റെ മുകളിൽ നിന്ന് പറ്റാവുന്ന ഉയരത്തിൽ പറന്ന് ഉച്ചത്തിൽ കരഞ്ഞപ്പോൾ താഴെ നിന്ന് ആരോ പറഞ്ഞു... നമ്മുടെ സഹമുറിയൻ ഇന്ന് നാട്ടിൽ പോകുവാ....
വടകരക്കാരൻ കുഞ്ഞാണ്ടി ഞെട്ടിയെഴുന്നേറ്റ് ജനാലയിലൂടെ നോക്കി. ആകാശം കറുത്തിരുണ്ടിരുന്നു.. ദൂരെ നിന്ന് അവ്യക്തമായ ശബ്ദത്തിൽ ബുദ്ധിയേയും മനസ്സിനേയും മരവിപ്പിച്ചുകൊണ്ട് ആ ശബ്ദം എത്തിക്കൊണ്ടേയിരുന്നു... കാ....കാ...കാ.....
പി. ഉണ്ണികൃഷ്ണൻതടിച്ചുരുണ്ട മസിലുകൾ ഉരുട്ടി...
Posted on: 19-Oct-2015, 18 views
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ...
Posted on: 19-Oct-2015, 18 views
എയർപോർട്ടിൽ നിന്നും കണ്ണൂരിലേക്ക് പോകുവാൻ...
Posted on: 19-Oct-2015, 18 views
വിദ്വാന്മാരുടെ ജിഹാഗ്രത്തിൽ നൃത്തം ചെയ്യെണ്ട...
Posted on: 19-Oct-2015, 18 views
ഗർഭം കലക്കി ഗുളികകളും, അബോർഷനും, ഗർഭനിരോധന...
Posted on: 19-Oct-2015, 18 views