Posted on: 09-Oct-2017, 1007 views

ഗർഭം കലക്കി ഗുളികകളും, അബോർഷനും, ഗർഭനിരോധന ഉറകളും, മധ്യവർഗത്തിനും ബിപിഎൽ സമൂഹത്തിനും അപ്രാപ്യമായ ഒരു കാലത്താണ് നാട്ടിൻപുറത്തെ അമ്മമാരും, അമ്മൂമ്മമാരും, ഇല സ്ത്രീയുടെ പര്യായമാണെന്ന് പെൺകുട്ടികുട്ടികളെ നിരന്തരം ഓർമ്മിപ്പിച്ച് തുടങ്ങിയത്. നാട്ടിലെ പ്രായപൂർത്തിയായതും, അല്ലാത്തതുമായ ഇലകൾ അറിഞ്ഞും, അറിയാതെയും മുള്ളിൽ വീണ് ചാരിത്ര്യം നഷ്ടപ്പെടുത്തിയപ്പോൾ അത് വഴി അച്ഛനാരാണെന്നറിയാത്ത, അനാഥ ജന്മങ്ങളെ കുറ്റിക്കാടിൽ കുറുക്കൻ കടിച്ചുപറിക്കുന്നത് നിത്യ സംഭവമായപ്പോൾ മുഖ്യധാര പത്രങ്ങൾക്ക് അത് വാർത്തകൾ വരെ അല്ലാതായി. ചെന്നായ വളർത്തിയ കുട്ടി, ആന വളർത്തിയ വാനന്പാടി പോലുള്ള സിനിമകൾ ഇത്തരം അവിഹിത ഗർഭണികൾക്ക് ഗ്രാമത്തിലെ വനാന്തരങ്ങളിൽ സമാധാനത്തോടെ വയറൊഴിപ്പിക്കാൻ ധൈര്യം നൽകി.
നാട്ടിൻപുറങ്ങളിലെ കുളങ്ങളിൽ മാറ് മറയ്ക്കാതെ നാണത്തോടെ കുളിച്ചിരുന്ന സ്ത്രീകളെ ഒളിഞ്ഞ് നോക്കിയ എഴുപതുകളിലെ യുവാക്കൾ പിന്നീട് കണ്ടത് നാണമില്ലാതെ തുണിയുരിഞ്ഞ് പഞ്ചനക്ഷത്ര ഹോട്ടലിലെ ബാറുകളിൽ കാബറെ നർത്തകികളായും ഒപ്പം സ്വിമ്മിങ്ങ് പൂളിലും, കടൽതീരങ്ങളിലും കുളിച്ചുയരുന്ന കാഴ്ചയാണ്.
ചില പുരുഷൻമാരെയെങ്കിലും ഡി.ൻ.എ വഴി തലമുറകളായി ലഭിച്ച ഗുണങ്ങൾ കൊണ്ട് രാത്രി നേരങ്ങളിൽ ചൂട്ടും കത്തിച്ച് പുറത്തിറങ്ങിയപ്പോൾ, നക്സലൈറ്റ് പ്രസ്ഥാനങ്ങളും, അജിതയെ പോലുള്ള പുത്തൻ ഫെമിനിസ്റ്റുകളും, കത്തി ചൂണ്ടി പുരുഷൻമാരോട് മുരിക്കിൻ തൈകൾ നടാൻ പറഞ്ഞു. കോങ്ങാട്ട് നാരായണൻ നായരുടെ അറുത്ത് വെച്ച തല കണ്ട് പുരുഷൻമാർ ഭയന്നപ്പോൾ കത്തിച്ചു തീർക്കാത്ത ചൂട്ടുകൾ സന്പന്ന ഗൃഹങ്ങളിൽ ഒരു അധിക പറ്റായി.
അജിതയിൽ നിന്ന് സ്ത്രീ കിരൺബേദിയിലേയ്ക്ക് നടന്ന് തുടങ്ങിയപ്പോൾ കവികൾ മത്സരിച്ച് ഭാരതസ്ത്രീയുടെ ഭാവശുദ്ധിയെ കുറിച്ച് കവിതകൾ എഴുതി. അത്രയ്ക്കൊന്നും ഇഷ്ടമില്ലാതെ, സ്്കൂളിൽ ആൺകുട്ടികൾ, ഇന്ത്യ എന്റെ രാജ്യമാണെന്നും, തന്നെ നോക്കി കണ്ണിറക്കുന്ന പെൺകുട്ടിയടക്കം സഹോദരിയാണെന്ന് സത്യപ്രതിജ്ഞ ചൊല്ലിതുടങ്ങിയപ്പോൾ, മനുസ്മൃതി മുഴുവൻ വായിക്കാതെ പിൻബുദ്ധികൾ പുരുഷപ്രസ്ഥാനങ്ങളെ താങ്ങിയിരുന്ന എല്ലാ ചിന്തമണ്ഡലങ്ങളും അടിച്ച് തകർത്തപ്പോൾ, കാത്തോലിക്ക സഭയിലെ മിഷനറിമാർ മാത്രമാണ് പുരുഷനെ ഒരു തട്ട് മുകളിലാക്കാൻ ശ്രമിച്ചത്. അത്തരം ഉയിർത്തെഴുന്നേൽപ്പിനുള്ള പ്രചാരണങ്ങൾ ലൈംഗിക വിജ്ഞാന കോശത്തിലെ ‘മിഷണറി’ എന്ന സെക്സ് പോസ്റ്റർ മാത്രമായി ഒതുങ്ങി പോവുകയും ചെയ്തു.
മുള്ളാണ്, മുള്ളാണ് എന്ന് ഉള്ളാൽ അഹങ്കരിച്ച പുരുഷൻ സംസ്കാര സന്പന്നനെന്ന് അഭിനയിച്ച് തുടങ്ങിയപ്പോൾ, ലൈംഗിക അവയവങ്ങളെല്ലാം തെറി വാക്കുകളായി തരം താഴ്ത്തി. അറിയാതെ ഒരു സ്ത്രീയെ മുട്ടിപോയാൽ മുട്ടിയ ഭാഗത്തിന്റെ ലൈംഗികത കണക്കില്ലെടുത്ത് സോറി പറയുന്ന പുതിയ ഭ്രാന്തൻ ചിന്തയിലേയ്ക്ക് പുരുഷൻ അധപതിച്ചപ്പോൾ സ്ത്രീ കേവലം ഒരു ഉപഭോഗവസ്തുവും അതോടെ അമ്മ, സഹോദരി, മകൾ എന്ന വാക്കുകളുടെ പ്രസക്തി ഇല്ലാതാകുകയും ചെയ്തു.ജോസ് പ്രകാശും, ബാലൻ കെ നായരും, അച്ചൻ കുഞ്ഞും, വെള്ളിത്തിരയിൽ ബലാത്സംഗം നിർത്തി രംഗമൊഴിഞ്ഞപ്പോൾ മീശ ചുരുട്ടിയ പുരുഷ ‘മുള്ളിന്റെ’ അവസാന പ്രതിനിധികളും അപ്രത്യക്ഷമായി.
തൊണ്ണൂറു കഴിഞ്ഞപ്പോൾ സാഹിത്യകാരൻമാർ പുരുഷനെ തിരിച്ചെടുക്കുവാൻ നടത്തിയ ബോധപൂർവ്വമായ ശ്രമത്തിൽ സ്ത്രീകളെ ഇരകളാക്കി. പുരുഷൻ സിംഹവും, സ്ത്രീ മാൻപേടയുമാണെന്ന് തോന്നുന്ന സാഹിത്യ സൃഷ്ടികൾ പുരുഷ ഈഗോയ്ക്ക് അൽപ്പമെങ്കിലും ആശ്വാസം നൽകി. ഇര എന്നത് സ്ത്രീയുടെ പുതിയ പര്യായമായപ്പോൾ, ഫെമിനിസ്റ്റുകൾ അതംഗീകരിക്കുകയും അതോടെ സ്ത്രീ സമത്വം എന്ന സങ്കൽപ്പം പ്രഹസനമായി. പുരുഷനെ സിംഹം, പുലി, വേട്ടനായ എന്നീ ഗണത്തിൽ പെടുത്തി, സ്ത്രീയെ മാൻ, പശു, ആട് എന്നീ അബലകളാക്കി മാറ്റിയപ്പോൾ മനുഷ്യവർഗ്ഗത്തിലെ രണ്ടാം കിടയാക്കി തരംതാഴ്ത്താൻ സമ്മതിച്ചത് ഫെമിനിസ്റ്റുകളുടെ വിവരമില്ലായ്മയാണ്.
പുരുഷനും, ഒരു പിതാവാണ്, സഹോദരനാണ്, മകനാണ്, ഭർത്താവാണെന്ന് ഓർമ്മിപ്പിക്കുവാനുള്ള ബുദ്ധിപൂർവമായ ഒരു നീക്കം ഏതെങ്കിലും ഒരു സ്ത്രീ സംഘടന നടത്തിയിരുന്നവെങ്കിൽ തട്ടിൽ താഴെ തൂങ്ങാതെ തുലോം ചെയ്ത് നിൽക്കുവാൻ സ്ത്രീയ്ക്ക് പറ്റുമായിരുന്നു. ഇതിനിടയിൽ വി.എസ്. അച്യുതാനന്ദനും, സുകുമാർ അഴിക്കോടും പോലുളള ചിലർ മാത്രമാണ് സ്ത്രീകളുടെ നേരെ ഇടയ്ക്കെങ്കിലും വിരൽ ചൂണ്ടിയത്.
പീഡനം എന്ന വാക്കിന്റെ കോപ്പിറൈറ്റ് സ്ത്രീകൾക്ക്, മാധ്യമങ്ങളും, സന്നദ്ധസംഘടനകളും നൽകിതുടങ്ങിയപ്പോഴാണ് പുരുഷൻ ഓടിതുടങ്ങിയത്. കുഞ്ഞാലിക്കുട്ടിയും, ഗണേഷ് കുമാറും, പി.ജെ. ജോസഫും, അനിൽ കുമാറും, ജോസ് തെറ്റയിലും, വേണുഗോപാലും, മുള്ളുകളാണെന്ന് സ്ഥിതീകരിച്ച്, അവരുടെ പിറകെ നടന്ന് പ്രണയിച്ച്, കാമിച്ച് സഹശയനം നടത്തി, ക്യാമറയിൽ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുന്ന തരുണികൾ കേവലം ഇലകളാണെന്നും, വിവേകമില്ലാത്ത, ബുദ്ധിയില്ലാത്ത മാനുകളായിരുന്നുവെന്നും, നാട്ടു കോടതിയെ ബോധിപ്പിച്ചപ്പോൾ സ്ത്രീ വീണ്ടും അപമാനിക്കപ്പെടുകയാണ്. സ്ത്രീ അബല, ഇല, ഇര എന്നീ ബ്രാക്കറ്റുകളിൽ നിന്നും പുറത്ത് കടക്കണം.
സത്യത്തിൽ പുരുഷൻ കരിയിലയും സ്ത്രീ മണ്ണാങ്കട്ടയുമാണ്. കാറ്റു വീശുന്പോൾ മണ്ണാങ്കട്ട കരിയിലയുടെ മുകളിലും മഴ പെയ്യുന്പോൾ കരിയില മണ്ണാങ്കട്ടയുടെ മുകളിലുമാകണം. സയൻസും കണക്കും സ്കൂളിൽ പഠിച്ച ജഡ്ജിമാരും പൊതുജനവും പീഡനം പരസ്പരപൂരകമാണെന്നും ഒപ്പം ലിംഗപരിമിതിയില്ലാതെ ഇലയേതാണെന്നും മുള്ളേതാണെന്നും സുതാര്യമായി തിരിച്ചറിയണം.
ഗാർഹിക പീഡന നിയമം ഡമോക്ലാസിന്റെ വാളുപോലെ പുരുഷന്റെ തലയിൽ തൂങ്ങുന്പോൾ വടക്കൻ വീരഗാഥയിലെ ചന്തുവും ഒതേനനും ഭാവിയിൽ ഒരു മിത്ത് മാത്രമായി മാറും.
പി. ഉണ്ണികൃഷ്ണൻതടിച്ചുരുണ്ട മസിലുകൾ ഉരുട്ടി...
Posted on: 19-Oct-2015, 18 views
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ...
Posted on: 19-Oct-2015, 18 views
എയർപോർട്ടിൽ നിന്നും കണ്ണൂരിലേക്ക് പോകുവാൻ...
Posted on: 19-Oct-2015, 18 views
ഞാൻ തൊള്ള തുറന്നൊന്ന് കരഞ്ഞാൽ അതിഥി...
Posted on: 19-Oct-2015, 18 views
വിദ്വാന്മാരുടെ ജിഹാഗ്രത്തിൽ നൃത്തം ചെയ്യെണ്ട...
Posted on: 19-Oct-2015, 18 views